കപ്പ വിഭവങ്ങള്‍ ഏത് തരത്തിലുണ്ടാക്കിയാലും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കപ്പ പുഴുങ്ങിയതും ഒരു കാന്താരിമുളകും കിട്ടിയാല്‍ അമൃത് കിട്ടിയ സന്തോഷത്തോടെ കഴിയ്ക്കുന്നവരാണ് പലരും. കപ്പയ്‌ക്കൊപ്പം മീന്‍ കറി പ്രത്യേകിച്ചും, മത്തി(ചാള)ക്കറി വളരെ രുചികരമായ കോമ്പിനേഷനാണ്. എന്നാല്‍ കപ്പയും മത്തിയും വെവ്വേറെ കഴിയ്ക്കാതെ ഒരുമിച്ച് നന്നായി ചേര്‍ത്ത് പുഴുങ്ങിയാല്‍ അതിലേറെ രുചികരമാണ്. അതൊന്ന് ട്രൈ ചെയ്താലോ?
ആവശ്യമായ ചേരുവകൾ
- 1 മത്തി 1 കിലോഗ്രാം
- 2 കപ്പ- ഒന്നര കിലോഗ്രാം
- 3 ചുവന്നുള്ളി- പത്ത് അല്ലി
- വെളുത്തുള്ളി- അഞ്ച് അല്ലി
- ഇഞ്ചി – ചെറിയ കഷണം
- 4മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി അരടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- 5 വെളിച്ചെണ്ണ- ആവശ്യത്തിന്
- 6 കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ അധികം വലിപ്പമില്ലാത്ത കഷണങ്ങളായി വെട്ടി ഉപ്പിട്ട് പുഴുങ്ങി വെള്ളം വാര്‍ത്ത് മാറ്റിവയ്ക്കുക. മീന്‍ വൃത്തിയാക്കിയശേഷം മൂന്നാമത്തെ ചേരുവകള്‍ നന്നായി ചതച്ച് നാലാമത്തെ ചേരുവയും ചേര്‍ത്ത് അല്‍പം വലിയ പാത്രത്തില്‍ വേവിയ്ക്കുക.
മീന്‍ വേവാന്‍ വേണ്ട വെള്ളം മാത്രം ചേര്‍ത്താല്‍ മതി, കറി അധികം വേണ്ട. മത്തി നന്നായി വെന്തുകഴിഞ്ഞാല്‍ വേവിച്ചുവച്ച കപ്പ ഈ പാത്രത്തിലേയ്ക്ക് ഇട്ടി നന്നായി ഇളക്കിച്ചേര്‍ക്കുക. മത്തിയും കപ്പയും നന്നായി ഉടഞ്ഞുചേരണം.
ഇത് കുറച്ചുനേരംകൂടി തീയില്‍ വച്ച് നന്നായി ചേരുന്നതുവരെ ഇളക്കുക. പിന്നീട് കറിവേപ്പില ചേര്‍ത്ത് ഇറക്കിവച്ച് രണ്ട് ടീസ്പൂണ്‍ പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചേര്‍ത്ത് ഇളക്കുക. ചൂടാറിയ ശേഷം വിളമ്പുക
മത്തി ഇടത്തരം വലുപ്പമുള്ളത് മതിയാകും. മത്തിയ്ക്ക് നന്നായി നെയ് വെയ്ക്കുന്നകാലത്താണെങ്കില്‍ ഇതിന് രുചിയേറും. ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം കഴിയ്ക്കുയോ അല്ലാതെ ഇതു മാത്രമായി കഴിയ്ക്കുകയോ ചെയ്യാം.