‘മാൾട്ടിയെ വിട്ടുപിരിയുമ്പോൾ കുറ്റബോധവും അതിവേദനയും ഉണ്ടാകുന്നു’: വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. അതുപോലെ തന്നെ ആരാധകരുണ്ട് പ്രിയങ്കയുടെ മകൾ മാൾട്ടിക്കും. ഇപ്പോഴിതാ പ്രിയങ്കയുടെ ഒരു വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താൻ ജോലികൾക്കായി പുറത്തേയ്ക്ക് പോകുമ്പോൾ മകൾ മാൾട്ടിയെ പിരിയുമ്പോഴുള്ള സങ്കടം വ്യക്തമാക്കുകയാണ് പ്രിയങ്ക. തനിക്ക് കുറ്റബോധമാണ് മകളെ വിട്ടുപിരിയുമ്പോൾ ഉണ്ടാകുന്നതെന്നാണ് പ്രിയങ്ക വെളിപ്പെടുത്തുന്നത്. 2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും വാടക ഗർഭധാരണത്തിലൂടെ മാൾട്ടി മേരി എന്ന മകൾ ജനിക്കുന്നത്.

കരിയറും മാതൃത്വവും സന്തുലിതമാക്കുന്നതിന്റെ യാഥാർഥ്യത്തെക്കുറിച്ചു ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകളെ വിട്ടുപിരിയുന്നതിനുള്ള തന്റെ വേദനയെക്കുറിച്ചു പ്രതികരിച്ചത്. മാൾട്ടിയെ തന്റെ ഒപ്പം കൊണ്ടുപോകാൻ കഴിയാത്തതിലുള്ള കുറ്റബോധം തന്നെ അതിയായി ദുഃഖിപ്പിക്കുന്നു എന്ന് പ്രിയങ്ക വെളിപ്പെടുത്തി. പക്ഷെ വേദന ലഘൂകരിക്കാനുള്ള തന്ത്രവും പ്രിയങ്ക തന്നെ വെളിപ്പെടുത്തി. മകളെ കൊണ്ടുപോകാൻ കഴിയുന്ന ഷൂട്ടിങ് സെറ്റുകളില്ലെല്ലാം താൻ കൂടെ കൂട്ടാറുണ്ട് അതുവഴി താൻ ആ വേദനയെ മറക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.

ജോലിക്ക് പോകുമ്പോൾ പ്രിയങ്കയുടെ അമ്മയോടൊപ്പമാണ് മാൾട്ടി കൂടുതൽ സമയവും ചിലവഴിക്കുന്നത്. ചെറുപ്പത്തിൽ താനും ഇതുപോലെയായിരുന്നെന്നും പ്രിയങ്ക പറയുന്നുണ്ട്. അമ്മയുടെ കൂടെ ആശുപത്രിയിലും അച്ഛന്റെ കൂടെ ഓഫീസിലും പോകും. ആശുപത്രിയിൽ നഴ്‌സുമാർക്കൊപ്പം കളിച്ചു രസിച്ചു നടക്കുന്നതിനെക്കുറിച്ചും പ്രിയങ്ക അഭിമുഖത്തിൽ പറയുന്നുണ്ട്.

മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധു മാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.മകളുടെ നിരവധി ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

2017ല്‍ ഗലെ പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയത്‌. പിന്നീടീ കൂടക്കാഴ്‌ച പ്രണയത്തിലേയ്‌ക്ക്‌ വഴിമാറി. ശേഷം നിരവധി പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ടു. 2018 ഡിസംബറില്‍ ഇന്ത്യയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്‌. നിക്കിനെക്കാള്‍ 10 വയസ്‌ കൂടുതല്‍ പ്രായമുണ്ട്‌ പ്രിയങ്കയ്‌ക്ക്‌. ഇതിന്‍റെ പേരില്‍ വിവാഹ സമയത്ത്‌ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.