ന്യൂഡൽഹി: ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. രണ്ടാം തവണയാണ് അരവിന്ദർ ബി.ജെ.പിയിൽ ചേരുന്നത്. ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.
ഏപ്രിൽ 28നായിരുന്നു അരവിന്ദർ സിങ് ലൗലി ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ സാന്നിധ്യത്തിലാണ് അരവിന്ദറിന്റെ ബി.ജെ.പി പ്രവേശനം. ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കും എന്ന് ലൗലി പ്രതികരിച്ചു.
ഡൽഹിയിൽ എഎപിയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിംഗ് ലൗലി രാജിവച്ചത്. കനയ്യ കുമാറിനെയും ഉദിത് രാജിനെയും ഡൽഹിയിൽ സ്ഥാനാർഥിയാക്കിയതിലും ലൗലിക്ക് എതിർപ്പ് ഉണ്ടായിരുന്നു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, നസീബ് സിങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മാലിക് എന്നിവരാണ് അര്‍വിന്ദറിനൊപ്പം ബി.ജെ.പി അംഗത്വമെടുത്ത മറ്റ് നാല് പേര്‍. പാര്‍ട്ടിയിലെ സ്ഥാനം മാത്രമാണ് വിടുന്നതെന്നും പാര്‍ട്ടി വിടുന്നില്ലെന്നുമായിരുന്നു അരവിന്ദര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വമോ എ.എ.പി. നേതൃത്വമോ അരവിന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ല.
2017ലും അരവിന്ദർ സിങ് ലൗലി ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നേതൃമാറ്റം. ഒമ്പത് മാസം ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ച ശേഷം കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.