തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു. ഡ്രൈവിങ് സ്‌കൂളുകൾക്ക് അനുകൂലമായി കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയതോടെയാണ് പിന്മാറ്റം. തിങ്കളാഴ്ച്ച ഡ്രൈവിങ് ടെസ്റ്റുമായി സഹകരിക്കുമെന്നും അറിയിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. ഈ മാസം 23നാണ് ചർച്ച. ചർച്ചയിൽ തീരുമാനമായില്ല എങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അതേസമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 40 ലൈസൻസ് അനുവദിക്കുമെന്നതടക്കമുള്ള ഇളവുകളാണ് വരുത്തിയത്. 15 വർഷം കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സാവകാശവും നൽകും.
പ്രതിദിന ലൈസൻസ് 30 ൽ നിന്ന് 40 ആക്കി. ഇതിൽ 25 പുതിയ അപേക്ഷകർക്ക്. 10 റീ ടെസ്റ്റ്. അഞ്ച് വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ടവർക്ക്. ഈ വിഭാഗം ഇല്ലെങ്കിൽ അഞ്ച് എണ്ണം പുതിയ അപേക്ഷയിൽ മുൻഗണനയുള്ളവർക്ക്. ആദ്യം റോഡ് ടെസ്റ്റ് പിന്നെ എച്ച് ആയിരിക്കും. ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങൾ ഒഴിവാക്കാൻ മൂന്ന് മാസത്തെ സാവകാശം ഉണ്ട്.
അതേസമയം, ഐ.എൻ.ടി.യു.സി രാത്രിയോടെ സമരത്തിലുള്ള നിലപാട് അറിയിക്കും. എന്നാൽ ചില സ്വതന്ത്ര സംഘടനകൾ സമരം തുടരുമെന്ന് അറിയിച്ചു.