പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് അനുവദിച്ചിരുന്ന സ്പോട്ട് ബുക്കിങ് സംവിധാനം ഒഴിവാക്കി. ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാവുകയുള്ളൂ. മാത്രമല്ല പ്രതിദിന ബുക്കിങ് 80,000 വരെയാക്കി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.
ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെയും കഴിഞ്ഞതവണ ശബരിമല ദര്‍ശനത്തിനായി വലിയ തോതില്‍ ആളുകളെത്തിയിരുന്നു. തിരക്ക് അനിയന്ത്രിതമായതോടെ സര്‍ക്കാര്‍ വലിയ തോതില്‍ പഴി കേള്‍ക്കേണ്ടിയും വന്നിരുന്നു.
ഇതിന് പുറമെ അരളിപ്പൂവ് പൂജയ്ക്കെടുക്കുന്നതിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാവും. അരളിപ്പൂവ് കടിച്ചതാണ് ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണകാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ ഇത് ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്.