എറണാകുളം: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ 23-കാരിയായ കുഞ്ഞിന്റെ അമ്മ റിമാൻഡിൽ. 14 ദിവസത്തേക്കാണ് യുവതിയെ റിമാൻഡ് ചെയ്തത്. നിലവിൽ യുവതി ചികിത്സയിലായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയായിരുന്നു റിമാൻഡ് നടപടികൾ പൂർത്തീകരിച്ചത്.
ആശുപത്രി വിട്ടശേഷം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിക്കും. തുടർന്ന് വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടക്കും. ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് തുറന്നുപറയാൻ യുവതിക്ക് ഭയമായിരുന്നു. ഗർഭാവസ്ഥയിൽ കുഞ്ഞിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഇന്‍റർനെറ്റിൽ പരതിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാനുള്ള സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ച് തയാറെടുപ്പുകൾ നടത്തിയെന്നാണ് വിവരം. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിൾക്കൊടി മുറിക്കാനും മറ്റും ഇൻറർനെറ്റ് വഴി വിവരം ശേഖരിച്ചതായാണ് പൊലീസ് വിലയിരുത്തൽ.
ഇന്നലെ രാവിലെ ഫ്‌ളാറ്റിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ യുവതി കൊറിയർ ബോക്‌സിലാക്കി 5-ാം നിലയുടെ മുകളിൽ നിന്ന് താഴേയ്‌ക്ക് വലിച്ചെറിയുകയായിരുന്നു. യുവതി ബലാത്സംഗത്തിന് ഇരയായതാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ തനിക്ക് പരിചയമുണ്ടായിരുന്നയാളാണെന്ന് യുവതി പറഞ്ഞു. ഇയാൾക്കെതിരെ നിലവിൽ മൊഴി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും യുവതി പറഞ്ഞു. അതേസമയം യുവതിയെ പരിശോധിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട് കണക്കിലെടുത്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുക്കുമെന്നും നിലവിൽ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.