ബെംഗളൂരു: ജെഡിഎസ് എംഎൽഎയും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്‌ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിലെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌ത് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ദേവഗൗഡയുടെ വീട്ടിൽ വച്ചാണ് രേവണ്ണയെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ലഭ്യമായ വിവരം.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കേസിലെ പരാതിക്കാരനായ രാജു എച്ച്ഡി തന്റെ മാതാവുമൊത്ത് രേവണ്ണയുടെ ഫാം ഹൗസിൽ ജോലി നോക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രേവണ്ണയ്ക്ക് എതിരെ പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 364 എ (തട്ടിക്കൊണ്ടുപോകൽ), സെക്ഷൻ 365 (നിർബന്ധിത നിയന്ത്രണം) എന്നിവ ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതിനിടെ, ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പ്രജ്ജ്വൽ രേവണ്ണ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കും. ഇതോടെ അന്വേഷണം വേഗത്തിലാകുമെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും എസ്.ഐ.ടി ഉദ്യോഗസ്ഥർ അറിയിച്ചു. വ്യക്തികളുടെ വിലാസം, പ്രവർത്തനം എന്നിവയെക്കുറിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതിനാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനായ പ്രജ്ജ്വൽ രേവണ്ണയാണ് ഹാസനിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യ സ്ഥാനാർഥി.