കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസയച്ചു. ഇന്ന് തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം.
ഇന്ദിരാ മുഖർജി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യലിനായി നാല് ജീവനക്കാരോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 361 പ്രകാരം ക്രിമിനൽ നടപടികൾ നേരിടുന്നതിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്നതിനാൽ പൊലീസിന് കടുത്ത നടപടികളിലേക്ക് കടക്കാൻ കഴിയില്ല.
അതേസമയം തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ആനന്ദ ബോസ് നിഷേധിച്ച് രംഗത്തുവന്നു. തനിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ആനന്ദ ബോസ് പ്രതികരിച്ചു. തന്നെ ഉപദ്രവിക്കുക എന്ന ദുഷ്ടലാക്കോടെയാണ് രാജ്ഭവന്‍ ജീവനക്കാരി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആനന്ദ ബോസ് പറഞ്ഞു. രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് ഗവര്‍ണര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഇതിനിടെ സിവി ആനന്ദബോസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. സ്ത്രീകളുടെ അന്തസ്സിനെ കുറിച്ച് സംസാരിക്കാൻ ഗവർണർക്ക് എങ്ങനെ ധൈര്യമെന്ന് മമത ചോദിച്ചു.
ലൈംഗിക ആരോപണം ആയുധമാക്കിയ തൃണമൂൽ കോൺഗ്രസ് സന്ദേശ്ഖാലിയിൽ നാടകം കളിച്ചവർ ഗവർണർക്കെതിരായ പരാതിയിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ചോദിച്ചു. ആരോപണങ്ങൾക്കിടെ കേരളത്തിൽ എത്തിയ ഗവർണർക്ക് നേരെ ആലുവയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.