കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ ഷജ്‍നയെ സർക്കാർ സ്ഥലം മാറ്റി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററായി സ്ഥലം മാറ്റിയത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കൺസർവേറ്റർ ബി.ശ്രീജിത്തിന് നൽകി.
നേരത്തെ, ഷജ്‌നയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചത് വിവാദമായിരുന്നു. ഷജ്ന, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ, ഡെപ്യൂട്ടി റേഞ്ചർ (ഗ്രേഡ്) എന്നിവരെ അർധരാത്രിയിൽ സസ്െപൻഡ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. വടകരയിലെ തിരഞ്ഞെടുപ്പ് ഫലത്തെ പോലും ഇതു ബാധിക്കും എന്ന് വിലയിരുത്തലുണ്ടായതോടെ 20 മണിക്കൂറിനുള്ളിൽ ഈ ഉത്തരവ് മരവിപ്പിച്ചു. ഡിഎഫ്ഒ എന്ന നിലയിൽ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നാണ് ഷജ്നയ്ക്കെതിരെ വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ തന്നെ ഷജ്നയിൽ നിന്ന് വിശദീകരണം തേടി തുടർ നടപടികൾ സ്വീകരിക്കണം എന്നായിരുന്നു ശുപാർശ.
സസ്പെൻഷൻ നടപടി പിൻവലിച്ച ശേഷം ഉദ്യോഗസ്ഥക്കെതിരെ വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ സ്ഥലം മാറ്റവും വിശദീകരണം ചോദിക്കാതെയാണ് എന്നാണ് വിവരം. സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവിൽ 81 മരങ്ങൾ അധികം മുറിച്ചു കടത്തിയെന്നതാണ് സുഗന്ധഗിരി മരംമുറിക്കേസ്. അനധികൃത മരംമുറി അറിഞ്ഞതിന് ശേഷം ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചിച്ച് നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു വനം വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ കൽപ്പറ്റ റേഞ്ചർ ഒരു സെക്ഷൻ ഓഫീസർ അടക്കം ഒമ്പതുപേരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.