മുംബൈ: നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രതിയായിരുന്ന അനുജ് തപന്റെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.
അനുജിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെ മൃതദേഹവുമായി പഞ്ചാബിലേക്ക് മടങ്ങി. പോലീസ് കസ്റ്റഡിയിൽ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ തപൻ തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപൻ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിക്കുന്നത്.
കേസിൽ മുഖ്യ പ്രതികൾക്ക് തോക്കുകൾ കൈമാറിയത് 32കാരനായ തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്. കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അനുജ് തപനെ മുംബൈയിലെ ജി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെ മരിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.