ദമ്മാം: സൗദിയിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. നാഷണൽ ഹാർട്ട് സെന്റർ മേധാവി ഡോക്ടർ അദിൽ താഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കണക്കാക്കാൻ പ്രത്യേക ഇലക്ട്രോണിക് ഉപകരണം തയ്യാറാക്കി നേരത്തെ വിതരണം ചെയതിരുന്നു. ഇവ എല്ലാ ആരോഗ്യ മേഖലകളിലുമായി 3000 പേരിൽ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ 15 ശതമാനം പേരിലും ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതായി സെന്റർ മേധാവി വ്യക്തമാക്കി.
രാജ്യത്ത് വർഷം തോറും അഞ്ച് ലക്ഷത്തോളം പേരിലാണ് ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇത്തരം രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി രാജ്യം പ്രതിവർഷം 10 ബില്യണിലേറെ തുക ചിലവഴിക്കുന്നതായും ഡോക്ടർ ആദിൽ താഷ് പറഞ്ഞു. രാജ്യത്തെ മരണങ്ങളിൽ 45 ശതമാനവും ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് സംഭവിക്കുന്നത്. ഓലീവ് ഓയിൽ കൊളസ്ട്രോൾ കുറക്കുന്നതിന് കാരണമാകുമെന്ന പ്രചരണത്തിൽ സത്യമില്ല. ഇത്തരത്തിൽ ഒലീവ് ഓയിൽ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ നടത്തിയ പഠനത്തിൽ അധികപേരും ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരായി കണ്ടെത്തിയതായും ഡോക്ടർ വ്യക്തമാക്കി.