തിരുവനന്തപുരം: മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ.
കേസിൽ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.
അതിനിടെ മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്.
തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.