വാഷിങ്ടൺ: ഇൻസുലിൻ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 700 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നിൽ ഈ നഴ്സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
പെൻസിൽവാനിയയിലെ 41 കാരിയായ നഴ്‌സായ ഹെതർ പ്രസ്‌ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികൾക്ക് അമിതമായ അളവിൽ ഇൻസുലിൻ നൽകിയതിന് പ്രസ്‌ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളിൽ പ്രമേഹമില്ലാത്ത രോഗികളിൽ ഉൾപ്പെടെ ഇവർ ഇൻസുലിൻ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതൽ 104 വയസ്സ് വരെയുള്ളവർ ഇവരുടെ ഇരകളായി.
കൂടുതല്‍ അളവ് ഇന്‍സുലിന്‍ ശരീരത്തില്‍ എത്തിച്ചേരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും ഹൃദയാഘാതം വരെ സംഭവിക്കുകയും ചെയ്തേക്കാം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പ്രതിക്കെതിരെ ആദ്യമായി കൊലപാതക കുറ്റം ആരോപിക്കപ്പെടുന്നതും തെളിയിക്കപ്പെടുന്നതും. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാക്കി മരണങ്ങളുടെ ചുരുളഴിയുന്നത്.
ഹീഥറിന് തന്‍റെ അടുക്കല്‍ വരുന്ന രോഗികളെ ഇഷ്ടമില്ലായിരുന്നെന്നും അവര്‍ക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചിരുന്നെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം തന്‍റെ അമ്മയ്ക്ക് ഹീഥര്‍ അയച്ച കത്തുകളും കണ്ടെടുത്തു. അതില്‍ താന്‍ അസ്വസ്ഥയാണെന്നും, രോഗികളും , സഹപ്രവര്‍ത്തകരും പുറത്ത് വെച്ച് കാണുന്നവര്‍ പോലും തന്നെ അരോചകപ്പെടുത്തുന്നുവെന്നുമായിരുന്നു സന്ദേശം.
രോഗികളെ ഉപദ്രവിക്കാന്‍ തോന്നുന്നതായും ഈ സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. ഹെതറിന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോടതിയില്‍ ഹീഥര്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റമൊന്നും തിരുത്തിപ്പറഞ്ഞില്ല. താന്‍ കുറ്റക്കാരിയാണെന്ന് അവര്‍ സമ്മതിച്ചു. ഹീഥറിന് മറ്റ് അസുഖങ്ങളോ മാനസിക അസ്വസ്ഥതകളോ ഇല്ലെന്നും അവര്‍ തിന്മയുടെ ആള്‍രൂപമാണെന്നും കൊല്ലപ്പെട്ട ഒരാളുടെ ബന്ധു പ്രതികരിച്ചു