ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി.
ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ഉദ്ദംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങൾ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.
ഇന്ന് വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താർ മേഖലയിലൂടെ പോകുമ്പോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ തുരുതുരാ വെടിയുതിർത്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ഊർജ്ജിതമാക്കി. രാഷ്ട്രീയ റൈഫിൾസും ജമ്മുകാശ്മീർ പൊലീസും സംയുക്തമായാണ് നീക്കങ്ങൾ നടത്തുന്നത്. പൂഞ്ചിൽ ആകമാനം സുരക്ഷ ശക്തമാക്കി.
സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിൾസ് സൈനികർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയിൽ സുരക്ഷാസേനയ്ക്കു നേർക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം സുരക്ഷാസേനയ്ക്കു നേരെ മേഖലയിൽ നിരവധി ഭീകരാക്രമണങ്ങൾ നടന്നിരുന്നു.