വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച് ബേഡകം സ്റ്റേഷനിലെ എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ. വിജയൻ (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ എറണാകുളം അമൃത ആസ്പത്രിയിലാണ് അന്ത്യം. ഏപ്രിൽ 29-ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാർട്ടേഴ്സിലാണ് വിഷം അകത്തുചെന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.
തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു. പിന്നീട് എറണാകാളത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോലി സമ്മർദം താങ്ങാനാകാത്തതുകൊണ്ടാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഇദ്ദേഹം ചികിത്സയിലിരിക്കേ പോലീസിന് നൽകിയ മൊഴി.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബേഡകം സ്റ്റേഷൻ പരിധിയിലുണ്ടായ രാഷ്ട്രീയമുന്നണികളുടെ തർക്കം സംബന്ധിച്ച കേസിന്റെ അന്വേഷണച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഈ കേസിൽ വിവിധ ഭാഗങ്ങളിൽനിന്നുണ്ടായ സമ്മർദമാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
അച്ഛൻ: കുട്ടി നായ്ക്. അമ്മ: അക്കാച്ചുബായി. ഭാര്യ: ശ്രീജ. മക്കൾ: ആവണി (പ്ലസ് ടു വിദ്യാർഥി, ഗവ. എച്ച്.എസ്.എസ്. ബളാംതോട്), അഭിജിത്ത് (പത്താം ക്ലാസ് വിദ്യാർഥി, ഗവ. എച്ച്.എസ്.എസ്. ബളാംതോട്). സഹോദരങ്ങൾ: ബാലാമണി (കുടുംബൂർ), നാരായണി (അടൂർ), പരേതനായ ജനാർദനൻ.