വഞ്ചന കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
22ന് കേസ് വീണ്ടും പരിഗണിക്കും. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ്.കേസിൽ പൊലീസ് ബാങ്ക് രേഖകൾ തേടിയിരുന്നു. പരാതിക്കാരനുനം നിർമാതാക്കളുമായി നടത്തിയ ഇടപാടുകളുടെ രേഖകളാണ് ശേഖരിക്കുന്നത്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരെ രേഖകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യും.
പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി.
സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്‌കോടതിയുടെ നിർദേശപ്രകാരം മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നൽകിയില്ലെന്ന് പരാതി.