തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമനിക് കോളേജിലെ വിദ്യാർഥിനി ജെസ്ന ജെയിംസിനെ കാണാതായ സംഭവത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ സി.ജെ.എം. കോടതി എട്ടിന് വിധിപറയും.
തിരോധാനം അന്വേഷിക്കുന്ന സി.ബി.ഐ. സംഘം കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് നൽകിയ രഹസ്യരേഖകളെക്കുറിച്ച് അന്വേഷിച്ചതടക്കമുള്ള കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ടോ എന്നുപരിശോധിക്കാനാണ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്.
ജസ്നയുടെ വീട്ടിൽനിന്ന് സാധനങ്ങളും രേഖകളും കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ. ചോദ്യംചെയ്തില്ലെന്നും ജസ്നയുടെ അജ്ഞാതസുഹൃത്തിലേക്ക് അന്വേഷണം നീണ്ടില്ലെന്നതുമടക്കം ഒട്ടേറെ ആരോപണങ്ങളാണ് ജെയിംസ് ജോസഫ് ഉന്നയിച്ചിരുന്നത്. തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോയുമടക്കമുള്ള ഡിജിറ്റൽ തെളിവുകളും മുദ്രവച്ച കവറിൽ വെള്ളിയാഴ്ച അദ്ദേഹം ഹാജരാക്കി.