അപ്പത്തിനും ചോറിനും ഒപ്പം കഴിക്കാൻ ഒരടിപൊളി മട്ടൺ സ്റ്റൂ തയ്യറാക്കാം. നെയ്യില്‍ കടുക് പൊട്ടിച്ച് ചുവന്നുള്ളി അരിഞ്ഞു ചേര്‍ത്ത് മൂപ്പിച്ചാൽ, ആഹാ! പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- തേങ്ങ ചിരകിയത് -മൂന്ന് കപ്പ്
- സവാള അരിഞ്ഞത് – രണ്ട് കപ്പ്
- ഇഞ്ചി -രണ്ടര കഷണം
- പച്ച മുളക് കീറിയത് – ഏഴ് എണ്ണം
- ഏലയ്ക്ക -മൂന്ന് എണ്ണം
- ഗ്രാമ്പൂ – ഒമ്പത് എണ്ണം
- കറുവാപ്പട്ട – മൂന്ന് ചെറിയ കഷണം
- കുരുമുളക് – ഒന്നര ടീസ്പൂണ്‍
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയില്‍ സവാളയും ഇഞ്ചിയും പച്ചമുളകും നന്നായി വഴറ്റുക. ഏലയ്ക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് സവാള നേരിയ തവിട്ടു നിറമാകുന്നതു വരെ വഴറ്റുക. ഇതില്‍ ആട്ടിറച്ചിയും കുരുമുളക് പൊടിയും ചേര്‍ത്ത് , ഇറച്ചിയുടെ വെള്ളം വറ്റുന്നതു വരെ തുടരെയിളക്കി വഴറ്റുക.
തേങ്ങയില്‍ നിന്ന് ഒരു കപ്പ് ഒന്നാം പാലും മൂന്ന് കപ്പ് രണ്ടാം പാലും എടുക്കണം. രണ്ടാം പാല്‍ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുത്ത ഇറച്ചിക്കൂട്ട് നന്നായി വേവിക്കുക. വേവ് പാകമാകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുന്ന ഉടനെ വാങ്ങുക. ഒരു സ്പൂണ്‍ നെയ്യില്‍ കടുക് പൊട്ടിച്ച് ഒമ്പത് ചുവന്നുള്ളി അരിഞ്ഞു ചേര്‍ത്ത് മൂക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കറിയിലേയ്ക്ക് ഒഴിക്കുക.