തിരുവനന്തപുരം : നടുറോഡില്‍ വിവാദമായ മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കൈമാറുക. തൃശ്ശൂരില്‍ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി യദുവിനെതിരേ പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതിനിടെ പ്രതികരണവുമായി യദു. ഇടയ്ക്ക് ഫോണില്‍ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓര്‍മയില്ലെന്നും യദു പ്രതികരിച്ചു.
എന്നാല്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു.