ഈസിയും ടേസ്റ്റിയുമായ ഒരു എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ?

ബിരിയാണി പ്രേമികളാണ് മലയാളികൾ. അത് ഇനി ഏതുതരം ബിരിയാണിയായാലും അതിനോടുള്ള മുഹബത്തിൽ ഒരു മാറ്റവും ഇല്ല. ഈസിയും ടേസ്റ്റിയുമായ ഒരു കിടിലൻ എഗ്ഗ് ബിരിയാണി തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കയമാ അല്ലെങ്കിൽ കോല റൈസ് -അരകിലോ
  • മുട്ട പുഴുങ്ങിയത് – ആവശ്യത്തിന്
  • സവാള – രണ്ട്
  • തക്കാളി – മൂന്ന്
  • ഇഞ്ചി – ഒരുകഷ്ണം
  • വെളുത്തുള്ളി- പത്തല്ലി
  • പച്ചമുളക് – ആവശ്യത്തിന്
  • മഞ്ഞൾപൊടി- അരസ്പൂൺ
  • ബിരിയാണിമസാല – ഒരുസ്പൂൺ
  • തൈര് – മൂന്ന്ടേബിൾസ്പൂൺ
  • ഉപ്പ്
  • ഓയിൽ – നാലുടേബിൾസ്പൂൺ
  • നെയ്യ് – രണ്ട്ടേബിൾസ്പൂൺ
  • മല്ലിയില, പുതിനാ, കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു സവാള കനംകുറച്ചരിഞ് രണ്ട്ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ഗോൾഡൻ കളറിൽ മൂപ്പിച്ചു കോരണം. അണ്ടിപരിപ്പ്, മുന്തിരി താല്പര്യമുണ്ടെങ്കിൽ അതും മൂപ്പിച്ചു കോരണം. ബാക്കിവന്ന ഓയിലിലേക്ക് അരിയുടെ ഇരട്ടി വെള്ളമൊഴിക്കണം. ഉപ്പുമിട്ട് തിളച്ചാൽ അരിയിട്ട് വേവിച്ചെടുക്കണം. ബിരിയാണി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് സവാള വഴറ്റണം. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും തക്കാളിയും ചേർത്ത് ചെറുതീയിൽ വീണ്ടും നന്നായി വഴറ്റി സോഫ്റ്റ്‌ ആക്കിയെടുക്കണം. ഇതിലേക്ക് തൈര് ചേർത്ത് ഇളക്കണം. ബിരിയാണി മസാലയും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കിയശേഷം മല്ലിയില, പുത്തിനായില്ല, കറിവേപ്പില എന്നിവയും വറുത്ത് വെച്ച സവാളയും ചേർത്ത് മിക്സ്‌ചെയ്ത് വെക്കണം.

തയ്യാറാക്കിവെച്ച നെയ്‌ച്ചോർ ഇതിന്റെ മുകളിൽ ഒരുപോലെ നിരത്തി കൊടുക്കണം.ഒരുകാൽകപ്പ് വെള്ളം ഇതിനു മുകളിൽ കുടഞ്ഞുകൊടുക്കണം. കരിഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അടച്ചുവെക്കാം. ഇനി ഗ്യാസിന്റെ മുകളിൽ ഒരു തട്ട് വെച്ച് ലോഫ്ളൈമിലാക്കി അതിനു മുകളിൽ ബിരിയാണിപാത്രം വെച്ചുകൊടുക്കണം.ഒരുപോലെ ആവി നന്നായിവന്നുകഴിഞ്ഞാൽ തീ ഓഫ്ആക്കാം. ഒരഞ്ചുമിനിറ്റ് കഴിഞ്ഞാൽ നെയ്യൊഴിച്അണ്ടിയും മുന്തിരിയും ചേർത്ത് ഇളക്കിയശേഷം മുട്ട ചേർത്ത് സേർവ്ചെയ്യാം.