ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ദുൽഖർ സൽമാൻ. ഉമ്മ സുല്‍ഫത്തിന്റെ ചിത്രത്തിനൊപ്പമാണ് ദുൽഖറിൻ്റെ കുറിപ്പ്. ഇപ്പോഴും ഉമ്മ തങ്ങളെ കുട്ടികളായാണ് കാണുന്നതെന്നും ഉമ്മയുടെ ഈ ചിത്രം കണ്ടപ്പോൾ പഴയ ഓർമകളിലേയ്ക്ക് താൻ പോയെന്നും ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദുൽഖർ സൽമാൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“എൻ്റെ പ്രിയപ്പെട്ട ഉമ്മാ,
നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാൻ ഞാൻ ഫോട്ടോകൾ നോക്കുന്നതിനിടയിൽ ഞാൻ ഈ ചിത്രം കണ്ടെത്തി. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്. ഞാൻ വീണ്ടും ഒരു കുട്ടിയായതുപോലെ തോന്നി. ഉമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. എത്ര പ്രായമായാലും അവരുടെ കണ്ണുകളിലും ഹൃദയങ്ങളിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്. ഞങ്ങൾ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നു, നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു”.
ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ കമന്റുകളിലൂടെ സുല്‍ഫത്തിന് പിറന്നാള്‍ ആശംസകളറിയിച്ച് എത്തുന്നുണ്ട്. പൊതുചടങ്ങുകളിൽ അധികമൊന്നും സുല്‍ഫത്ത് എത്താറില്ലെങ്കിലും കുടുംബത്തെ കുറിച്ച് മമ്മൂട്ടി വാചാലമാകാറുണ്ട്. മമ്മൂട്ടിയും സുല്‍ഫത്തും 1979ലാണ് വിവാഹിതരാകുന്നത്. നടൻ ദുല്‍ഖറിന് പുറമേ സുറുമി എന്ന മകളും മമ്മൂട്ടി- സുല്‍ഫത്ത് ദമ്പതിമാര്‍ക്കുണ്ട്.
സുല്‍ഫത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെണ്‍സുഹൃത്താണെന്നാണ് മമ്മൂട്ടി പറയാറുള്ളത്. കുടുംബത്തിലേക്ക് കടക്കുമ്പോള്‍ ഒരു ‘പെര്‍ഫക്ട് ഫാമിലി മാനാ’ണ് മമ്മൂട്ടി. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്.