യോനിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സ്രവമാണ് യോനി ഡിസ്ചാർജ് അഥവാ വെള്ളപോക്ക് എന്ന് പറയുന്നത്. നേരിയ വെളുത്ത ദുർഗന്ധമുള്ള ഈ ദ്രാവകം മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകാം. ഈ ഡിസ്ചാർജ് വഴി മൃതകോശങ്ങളെയും ബാക്ടീരിയകളെയും ശരീരം നീക്കം ചെയ്യുകയും യോനിയെയും പ്രത്യുത്പാദന വ്യവസ്ഥയെയും വൃത്തിയും ഈർപ്പവുമാക്കി നിലനിർത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ സ്രവത്തിന്‍റെ അളവിലും ഘടനയിലും നിറത്തിലുമുള്ള മാറ്റങ്ങളെ അവഗണിക്കരുത്.
അസാധാരണമായ യോനി ഡിസ്ചാർജ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സറിന്‍റെ സൂചനയാകാം എന്നാണ് എംജിഎം ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റായ ഡോ. എം എ രാജ അഭിപ്രായപ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍.
അമിത വണ്ണം, അനാരോഗ്യകരമായ ജീവിതശൈലി, പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയവയൊക്കെ രോഗ സാധ്യത കൂട്ടാം. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. യോനിയില്‍ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ, രക്തം കലര്‍ന്നതും ദുർഗന്ധവുമുള്ള സ്രവങ്ങൾ തുടങ്ങിയവയൊക്കെ ഒവേറിയന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം എന്നാണ് ഡോ. എം എ രാജ പറയുന്നത്.
കൂടാതെ എപ്പോഴും വയറു വീര്‍ത്തിരിക്കുക, അടിവയറു വേദന, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം പെട്ടെന്ന് ശരീരഭാരം കുറയുക, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.