മക്ക : പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ചെക്ക് പോയിന്റുകളിൽ പരിശോധന ആരംഭിച്ചു. ഉംറ പെർമിറ്റോ മറ്റു പ്രത്യക അനുമതി പത്രമോ ഇല്ലാത്തവരെ ചെക്ക് പോയിന്റുകളിൽ നിന്ന് തിരിച്ചയക്കും. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിൽ തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, നുസുക് ആപ്പ് വഴി ഉംറക്ക് പെർമിറ്റെടുത്തവർക്കും, ഹജ്ജ് പെർമിറ്റുള്ളവർക്കും, മക്ക ഇഖാമയുള്ള വിദേശികൾക്കും മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. കൂടാതെ ജോലി ആവശ്യാർത്ഥം മക്കയിലേക്ക് പ്രവേശിക്കാൻ പ്രത്യേക പെർമിറ്റെടുത്തവർക്കും ഹജ്ജ് സീസണൽ ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും പ്രവേശനം അനുവദിക്കും. നിലവിൽ സൗദിയിൽ ഉംറ വിസയിലോ സന്ദർശന വിസയിലോ കഴിയുന്നവർക്കും നുസുക് ആപ്പ് വഴി ഉംറ പെർമിറ്റെടുത്താൽ ഉംറ ചെയ്യാനായി മക്കയിലേക്ക് പ്രവേശിക്കാം.