ധരംശാല: രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ 168 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
26 പന്തില്‍ 43 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്കോററായ ജഡേജ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. ജയത്തോടെ 12 പോയന്‍റുമായി ചെന്നൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ 11 കളികളില്‍ 8 പോയന്‍റുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് സ്‌കോർ ചെയ്തത്. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് മികവാണ് സന്ദർശകരെ മികച്ച സ്‌കോറിലെത്തിച്ചത്. 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 43 റൺസുമായി സിഎസ്‌കെയുടെ ടോപ് സ്‌കോററായി. ഋതുരാജ് ഗെയിക്‌വാദ് (21 പന്തിൽ 32), ഡാരിൽ മിച്ചൽ (19 പന്തിൽ 30) മികച്ച പിന്തുണ നൽകി. പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രണ്ടാം ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് കളഞ്ഞു. തുഷാര്‍ ദേശ്പാണ്ഡെയുടെ ഓവറില്‍ ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോയും (7) റിലീ റുസോയും (പൂജ്യം) ആണ് മടങ്ങിയത്. പിന്നീട് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ശശാങ്ക് സിങ്ങും ചേര്‍ന്ന് എട്ടാം ഓവര്‍ വരെ പിടിച്ചുനിന്നു. ടീം സ്‌കോര്‍ 62-ല്‍ നില്‍ക്കേ, ശശാങ്ക് പുറത്തായി (20 പന്തില്‍ 27). ജഡേജ എറിഞ്ഞ അടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനും (23 പന്തില്‍ 30) സിമര്‍ജീത് സിങ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും (പൂജ്യം) മടങ്ങിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.
13-ാം ഓവര്‍ എറിഞ്ഞ ജഡേജ, സാം കറനെയും (7) അശുതോഷ് ശര്‍മയെയും (3) പുറത്താക്കിയതോടെ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടമായി.
ബൗളര്‍മാര്‍ ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഹര്‍പ്രീത് ബ്രാര്‍ (13 പന്തില്‍ 17*), ഹര്‍ഷല്‍ പട്ടേല്‍ (13 പന്തില്‍ 12), രാഹുല്‍ ചാഹര്‍ (10 പന്തില്‍ 16), കഗിസോ റബാദ (10 പന്തില്‍ 11*) എന്നിവരെല്ലാം രണ്ടക്കം കടന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ് എന്നിവര്‍ രണ്ടും മിച്ചല്‍ സാന്റ്‌നര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.