ഭൂമിയിലെ ചൊവ്വയിലേക്ക് നാൽവർ സംഘം; സുപ്രധാന ദൗത്യം

ബഹിരാകാശത്തെ ഓരോ കാര്യങ്ങളും മനുഷ്യരാശിക്ക് എന്നും വലിയ കൗതുകം തന്നെയാണ്. ബഹിരാകാശ ദൗത്യങ്ങൾ ഓരോന്ന് വിജയിക്കുകയും ചിലതെങ്കിലും പരാജയപ്പെടുകയും വീണ്ടും വീണ്ടും ആകാശ രഹസ്യങ്ങൾ തേടി പോകാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതും അത് തന്നെയാണ്. മനുഷ്യരുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ ചൊവ്വയേയും ലക്ഷ്യമിടുന്നുണ്ട്. ചാന്ദ്ര ദൗത്യങ്ങളുടെ വിജയത്തില്‍ ചവിട്ടിയായിരിക്കും ചൊവ്വാ ദൗത്യങ്ങളിലേക്കുള്ള ശാസ്ത്രലോകത്തിന്റെ മുന്നേറ്റം. എന്തായാലും ചൊവ്വാ ദൗത്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരീക്ഷണ ദൗത്യങ്ങള്‍ ഭൂമിയില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പരീക്ഷണ ദൗത്യത്തിനാണ് നാസ ഒരുങ്ങുന്നത്. ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ റിസര്‍ച്ച് അനലോഗ് (ഹിര) എന്ന ഈ പരീക്ഷണ ദൗത്യത്തില്‍ ചൊവ്വയുടെ ഉപരിതലത്തിന് സമാനമായ സാഹചര്യങ്ങള്‍ ഭൂമിയില്‍ കൃത്രിമമായി ഒരുക്കുകയും അവിടെ നാല് വളണ്ടിയര്‍മാര്‍ 45 ദിവസം താമസിക്കുകയും ചെയ്യും.

നാസയുടെ ജോണ്‍സണ്‍സ് സ്‌പേസ് സെന്ററിലാണ് ഈ സംവിധാനം ഒരുക്കുക. ജേസണ്‍ ലീ, സ്റ്റെഫനി നവാരോ, ഷരീഫ് അല്‍ റോമൈതി, പിയുമി വിജേസേകര എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുക്കുക. മെയ് 10 ന് ആരംഭിക്കുന്ന ദൗത്യം ജൂണ്‍ 24 വരെ നീളും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ബഹിരാകാശ യാത്രികരെ അയക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങള്‍ ഒറ്റപ്പെടല്‍, ഏകാന്തവാസം, വിദൂര സാഹചര്യങ്ങള്‍ എന്നിവയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പഠിക്കാന്‍ ഹീര പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുമെന്ന് നാസ പറഞ്ഞു.

ചൊവ്വയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ കൃത്രിമമായി ഒരുക്കുകയും അവിടെ ഈ നാല്‍വര്‍ സംഘം 45 ദിവസം താമസിക്കുകയും ചെയ്യും. ചൊവ്വാ ദൗത്യത്തില്‍ പങ്കെടുക്കുന്നതിന് സമാനമായി ഇവര്‍ ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ഇവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നടക്കുകയും ചെയ്യും. ഭൂമിയുമായുള്ള ആശയവിനിമയത്തിലുള്ള കാലതാമസവും ഇവിടെ കൃത്രിമമായി ഒരുക്കും. ഭൂമിയില്‍ കൃത്രിമമായി ഒരുക്കിയ ചൊവ്വയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ സംഘമാണിത്. മാര്‍ച്ച് 18 നാണ് ആദ്യ സംഘം ദൗത്യം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം രണ്ട് ഹീര പരീക്ഷണങ്ങള്‍ കൂടി നടക്കും.