കൊൽക്കത്ത: തനിക്കെതിരായ പീഡന പരാതിയിൽ രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ ഗവർണർ. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണം നടത്താൻ അവകാശമില്ലെന്ന് ഗവർണർ ആവർത്തിച്ചു. പോലീസുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും പാടില്ലെന്ന് രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ഗവർണർ നിര്‍ദേശം നല്കി. ഗവര്‍ണര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
അതിനിടെ നേരത്തെ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മൂന്ന് രാജ്ഭവൻ ജീവനക്കാരോട് തിങ്കളാഴ്ച എത്താൻ പൊലീസ് നോട്ടീസ് നൽകി.
രാജ്ഭവന് ഔദ്യോഗികമായാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുമായി ആശയവിനിമയം നടത്തുന്നതില്‍നിന്ന് രാജ്ഭവനിലെ എല്ലാ ജീവനക്കാരേയും വിലക്കിക്കൊണ്ടുള്ളതാണ് നിര്‍ദേശം. ഓണ്‍ലൈന്‍, ഓഫ്ലൈന് വഴിയോ നേരിട്ടോ ഫോണിലൂടേയോ മറ്റേതെങ്കിലും വഴിയിലൂടേയോ ഒരു പരാമര്‍ശവും നടത്താന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഒപ്പം പൊലീസ് ആവശ്യപ്പെട്ട സി.സിടിവി ദൃശ്യങ്ങളും നൽകേണ്ടതില്ല.
സുപ്രിം കോടതി വിധികൾ കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസിനോട് സഹകരിക്കാൻ രാജ്ഭവന് ബാധ്യതയില്ലെന്ന് ഗവർണർ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ 361-ാം അനുഛേദ പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷയുണ്ട്.
അതിനിടെ സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റിൽ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യമടക്കം കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.