ഇടുക്കി: സിപിഐഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എൻ ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നാറിലെ കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിച്ചാൽ രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉടൻ ഉണ്ടാകും എന്നാണ് സൂചന.
മൂന്നാറില്‍ മറ്റൊരു പരിപാടിക്കായി എത്തിയ ബിജെപി നേതാക്കള്‍ തന്നെ വന്നുകണ്ടുവെന്നാണ് എസ് രാജേന്ദ്രന്റെ വിശദീകരണം. ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തില്‍ അസ്വഭാവികതയില്ല. നേരില്‍ കാണണമെന്ന് പറഞ്ഞിരുന്നു. അത് പ്രകാരം കണ്ടു. വന്നവര്‍ രാഷ്ട്രീയം സംസാരിക്കുമല്ലോ എന്നുമായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം.
അതേസമയം രാജേന്ദ്രനെ സന്ദര്‍ശിച്ചത് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച കാര്യത്തിനല്ലെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. മൂന്നാറില്‍ വീട് കയറി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ദേശീയ-സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അത് അതിന്റെ വഴിക്ക് നടക്കുമെന്ന് എന്‍ ഹരി പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഐഎം പ്രവർത്തകർ മർദിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കൾ മൂന്നാറിൽ എത്തിയത്. ഇതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിൽ എത്തി ഇവരുടെ കൂടിക്കാഴ്ച.
പേരിന് പാര്‍ട്ടിയില്‍ ഉണ്ടെന്നതല്ലാതെ തന്നെ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സിപിഐഎം അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ചിലയാളുകളുടെ തടസ്സം കാരണം മെമ്പര്‍ഷിപ്പ് എടുക്കുവാന്‍ കഴിഞ്ഞില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ടാണ് പാര്‍ട്ടിയെ കുറ്റം പറയാതെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതെന്നും അത് പാര്‍ട്ടി തിരിച്ചറിയുന്നില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.