‘അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പാർട്ടി അപമാനിച്ചു’; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു. ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.

‘ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാൻ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാൽ ചിലർ അതിനെ എതിർക്കുന്നു. ജീവിതത്തിൻ്റെ 22 വർഷത്തിലേറെ കാലം പാർട്ടിക്ക് വേണ്ടി നൽകിയ എനിക്ക് രാമ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടി വന്നു’ രാധിക പറഞ്ഞു.

‘ഏപ്രിൽ 25 ന് ഞാൻ അയോധ്യയിൽ ശ്രീരാമനോട് പ്രാർത്ഥിച്ചു. അഞ്ച് ദിവസം മുമ്പ്, ഈ വിഷയത്തിൽ ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു. എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു. നീതിക്കായി മുതിർന്ന നേതൃത്വത്തോട് അഭ്യർത്ഥിച്ചപ്പോൾ രാമനോട് പ്രാർത്ഥിച്ചതുകൊണ്ട് എനിക്ക് നീതി നിഷേധിക്കപ്പെട്ടു.’ രാധിക എഴുതിയ കുറിപ്പിൽ പറയുന്നു.

ഒരിക്കലും പാര്‍ട്ടി ലൈനിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

തനിക്കെതിരായ മോശം പെരുമാറ്റത്തെക്കുറിച്ച് റായ്പുരിലെ രാജീവ് ഭവനില്‍വെച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ കോൺഗ്രസ് വനിതാ നേതാക്കളോട് അനാദരവ് കാണിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.