തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തെക്കൻ തീരത്തും, തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി പതിനൊന്നര വരെയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 11 ജില്ലകളിൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.11 ജില്ലകളിലാണ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം തൃശ്ശൂർ ആലപ്പുഴ,കണ്ണൂർ കോഴിക്കോട് ജില്ലകളിൽ കപതല 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വ്യക്തമാക്കുന്നു.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.