ന്യൂഡൽഹി: ആളുമാറി സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട്. ഹിമാചലിലെ മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയായ താരം തേജസ്വി യാദവിന് പകരം തേജസ്വി സൂര്യയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വാർത്തയായത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെയും ആർജെഡി നേതാവ് തേജസ്വി യാദവിനെയുമാണ് കങ്കണ രൂക്ഷമായി വിമർശിച്ചത്. നടി പക്ഷെ പറഞ്ഞത് തേജസ്വി സൂര്യയുടെ പേരാണ്. തോറ്റുപോയ രാജകുമാരന്മാരുടെ പാർട്ടി എന്ന് കോൺഗ്രസിനെ കളിയാക്കിയ ശേഷം കങ്കണ രൂക്ഷമായി രാഹുലിനെ വിമർശിച്ചു. പിന്നീട് ഗുണ്ടായിസം നടത്തുന്ന മീൻ കഴിക്കുന്ന തേജസ്വി സൂര്യ എന്ന് കങ്കണ പറഞ്ഞു. ബംഗളൂരു സൌത്തിലെ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമാണ് തേജസ്വി സൂര്യ.
ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് നാക്കുപിഴച്ചത്. “പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാർട്ടി. അവർക്ക് അറിയില്ല എവിടേക്ക് പോകണമെന്ന്. ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം തിന്നുകയും ചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ…” എന്നിങ്ങനെയായിരുന്നു കങ്കണയുടെ വിമർശനം.
തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വീഡിയോ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് തേജസ്വി യാദവ് എക്സില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. കങ്കണയുടെ വീഡിയോ പങ്കുവെച്ച് പരിഹാസവുമായി തേജസ്വി യാദവ് രംഗത്തെത്തി. ‘ഇതേതാണീ സ്ത്രീ’യെന്നായിരുന്നു തേജസ്വിയുടെ ചോദ്യം. വന്‍ ട്രോളുകളാണ് കങ്കണക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കങ്കണ ആദ്യം സ്വന്തം പാർട്ടി നേതാക്കളെ കുറിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കണമെന്ന് കോൺഗ്രസും വിമർശിച്ചു. സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ പിതാവുമായ മോത്തിലാൽ നെഹ്രുവിനെ അംബാനിയോട് ഉപമിച്ച് പ്രസംഗിച്ചതിന് കഴിഞ്ഞദിവസം കോൺഗ്രസ് കങ്കണയെ കുറ്റപ്പെടുത്തിയിരുന്നു.