ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ചുമലിൽ കൈവെച്ച കോൺഗ്രസ് നേതാവിനെ അടിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുൻസിപ്പൽ മെമ്പറായ അലാവുദ്ദീൻ മണിയാരെയാണ് ശിവകുമാർ അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഹവേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിനോദ അസൂത്തിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ശിവകുമാർ. കാറിൽ നിന്നറങ്ങി പ്രചാരണ വേദിയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു നേതാവ് ഡി.കെ ശിവകുമാറിന്റെ തോളിൽ കൈവെച്ചത്. ഇതോടെ, പ്രകോപിതനായ ഡി.കെ ഇയാളെ തല്ലുകയായിരുന്നു.
നഗരസഭാ അംഗമായ അലാവുദ്ദീൻ മണിയാർക്കാണ് അടിയേറ്റത്. കാറിൽ നിന്നിറങ്ങിയ ഡി.കെ.യുടെ തോളിൽ കൈയ്യിട്ട് ഇയാൾ ചിത്രമെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതോടെ പ്രകോപിതനായ ഡി.കെ അലാവുദ്ദീന്റെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. അടി കിട്ടിയതിന് ശേഷവും അലാവുദ്ദീൻ ചിരിച്ചുകൊണ്ട് അവിടെ നിന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റി.
വീഡിയോ പുറത്തുവന്നതോടെ നിരവധി ബി.ജെ.പി പ്രൊഫൈലുകൾ വിഷയം ഏറ്റെടുത്തു. എന്തിനാണ് കോൺഗ്രസ് പ്രവർത്തകർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി. സെല് തലവന് അമിത് മാളവ്യ എക്സിൽ കുറിച്ചു. അവരുടെ നേതാക്കൾ അവരെ അപമാനിക്കുന്നു. കുടുംബാംഗങ്ങൾക്ക് വേണ്ടി സീറ്റ് നിഷേധിക്കുന്നു. കോൺഗ്രസ് പ്രവർത്തകർക്ക് ആത്മാഭിമാനമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന് കഴിഞ്ഞു. മെയ് ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. 2019ൽ കർണാടകയിലെ 25 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു. സഖ്യമായി മത്സരിച്ച കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.