ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും ഇസ്രയേൽ സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലാണ് നടപടി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾ പുറത്തുകൊണ്ടുവന്നതാണ് ഇസ്രായേൽ അൽ ജസീറക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അൽ-ജസീറയ്ക്ക് പൂട്ടിടുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ‘ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്‍റെ ഏകകണ്ഠമായ തീരുമാനമാണ്’, നെതന്യാഹു എക്സിൽ കുറിച്ചു.
ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.
വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്താൻ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്.