മലപ്പുറം: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ട് വന്ന സ്വര്‍ണ്ണമാണ് പ്രതികള്‍ കവര്‍ന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാനായി ബൈക്കില്‍ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണ്ണം കവര്‍ന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമാണശാലയിൽ നിന്നാണ് സ്വർണം മലപ്പുറത്തേയ്ക്ക് കൊണ്ടുവന്നത്. ജില്ലയിലെ ജ്വല്ലറികളിൽ മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണമായിരുന്നു ഇത്. യുവാവിന്റെ പക്കൽ രണ്ട് കിലോഗ്രാം സ്വർണവും 43 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയും ഉണ്ടായിരുന്നു. മഞ്ചേരിയിൽ സ്വർണം നൽകിയതിനുശേഷം കോട്ടക്കലിലേയ്ക്ക് വരുന്നതിനിടെ താനൂരിൽ പുതിയ സ്വർണക്കട തുടങ്ങുന്നുണ്ടെന്നും ഇവിടേയ്ക്ക് സ്വർണം വേണമെന്നും ആവശ്യപ്പെട്ട് യുവാവിനെ തട്ടിപ്പുസംഘം വിളിക്കുകയായിരുന്നു. യുവാവിനോട് ഒഴൂരിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെവച്ച് കാറിൽക്കയറ്റിക്കൊണ്ട് പോവുകയും ആക്രമിച്ച് സ്വർണം കവരുകയും ചെയ്തെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പൊലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത്. രണ്ട് കിലോഗ്രാം സ്വര്‍ണ്ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.