115 വർഷം 14 ജീവനക്കാരുമായി മുമ്പ് അപ്രത്യക്ഷമായ ‘ശപിക്കപ്പെട്ട കപ്പൽ’ ഒടുവില്‍ കണ്ടെത്തി. മിനസോട്ടയിലെ സുപ്പീരിയർ തടാകത്തിൽ നിന്നാണ് കപ്പലിന്‍റെ അവശിഷ്ടങ്ങൾ പുരാസവസ്തു ഗവേഷകർ മുങ്ങി എടുത്തത്. മരം കൊണ്ട് നിർമ്മിച്ച ആവിക്കപ്പലായ അഡെല്ല ഷോർസ് 1909 മെയ് 1 ന് മിനസോട്ടയിലെ ഡുലുത്തിലേക്ക് ഉപ്പ് കയറ്റി പോകുന്നതിടയിലാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. കാണാതാകുന്ന സമയത്ത് കപ്പലിൽ 14 ജീവനക്കാർ ഉണ്ടായിരുന്നു. മിഷിഗണിലെ പാരഡൈസിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലേക്ക്സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ജീവനക്കാരിൽ ആരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ബോയിലർ, കാർഗോ ഹോൾഡ്, പോർട്ട് ബോ എന്നിവയുൾപ്പെടെ കപ്പലിന്‍റെ വിവിധ അവശിഷ്ടങ്ങളാണ് ഗവേഷകർ സുപ്പീരിയർ തടാകത്തിന്‍റെ അടിതട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാൽ, നാവികരുടെ അവശിഷ്ടങ്ങളുടെ ഒരു സൂചനയും ഇവിടെ നിന്ന് ലഭിച്ചില്ല. അന്നത്തെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് ഇന്നത്തെ കൃത്യത ഇല്ലാതിരുന്നതിനാൽ അന്ന് സാധാരണ അനുമാനിക്കുന്നതിലും കൂടുതൽ കപ്പൽ തകർച്ചകൾ നടന്നിട്ടുണ്ടാകാമെന്ന് ജിഎല്‍എസ്എച്ച്എസിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രൂസ് ഇ ലിൻ പറഞ്ഞു.
2021-ലാണ് ഈ അവശിഷ്ടം കണ്ടെത്തിയത്, എന്നാൽ കണ്ടെത്തിയ കപ്പലുകളെ കുറിച്ച് സമഗ്രമായി ഗവേഷണം നടത്താൻ സമയമെടുത്തതിനാലാണ് ഈ കണ്ടെത്തൽ പുറത്ത് വിടാൻ വൈകിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കാണാതാകുന്നതിന് മുമ്പ് രണ്ട് തവണ മുങ്ങിയ ചരിത്രം ഈ കപ്പലിന് ഉള്ളതിനാല്‍ അവസാന തകർച്ചയ്ക്ക് ശേഷം ഈ കപ്പലിനെ ‘ശപിക്കപ്പെട്ട കപ്പൽ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കപ്പലിന്‍റെ നിർമ്മാണ സമയത്ത്, ഒരു കുപ്പി വൈൻ പൊട്ടിച്ച് കപ്പൽ നാമകരണം ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നുവത്രേ. എന്നാൽ, കപ്പൽ നിർമ്മാണ കമ്പനിയുടെ ഉടമയും കുടുംബവും മദ്യം ഒഴിവാക്കി പകരം ഒരു കുപ്പി മാത്രം പൊട്ടിക്കാൻ തീരുമാനിച്ചു. ഇതാണ് കപ്പലിന് ശാപം വരാൻ കാരണമെന്നാണ് അന്നുള്ളവർ വിശ്വസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.