ബഹിരാകാശത്തെ കുറിച്ച് അറിയാൻ ഏതൊരാള്‍ക്കും എപ്പോഴും കൗതുകമുണ്ടാകും. അങ്ങനെയെങ്കില്‍ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ബഹിരാകാശത്ത് ജീവവായുവായ ഓക്സിജന്‍ ഇല്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേക സ്യൂട്ടുകള്‍ ധരിച്ചാണ് ബഹിരാകാശ സഞ്ചാരികള്‍ അവിടെ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ മൂക്കുകൊണ്ട് ഗന്ധം മനസിലാക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. പക്ഷെ ദുർഗന്ധം ഉണ്ടെന്നാണ് സഞ്ചാരികൾ പറയുന്നത്. ചന്ദ്രനിലിറങ്ങിയ ശേഷം തിരികെ ലാൻഡറിനുള്ളിലേക്ക് കയറി ഹെൽമെറ്റ് അഴിച്ചപ്പോൾ വെടിമരുന്നിന്റെ ഗന്ധമാണ് അനുഭവപ്പെട്ടത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തിറങ്ങി ബഹിരാകാശ സഞ്ചാരം നടത്തി തിരികെ ISSലേക്ക് വന്നപ്പോൾ കരിഞ്ഞ മാംസത്തിന്റെ ഗന്ധം. നാസയിൽ നിന്നുള്ള ഗവേഷകൻ സ്കോട്ട് കെല്ലി പറയുന്നതനുസരിച്ച് ചവറ്റുകൂനയിൽ നിന്നുള്ള ഗന്ധമാണ് ബഹിരാകാശത്തിന്. കേടുവന്ന ബാർബീക്യൂവിന്റെ മണമാണ് ലഭിച്ചതെന്ന് യുകെയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി ടിം പീക് പറയുന്നു. , ചീഞ്ഞ മുട്ടയുടെ മണം, പൂച്ചയുടെ മൂത്രത്തിന്റെ മണം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ദുർഗന്ധങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പല ബഹിരാകാശ സഞ്ചാരികളും വെളിപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങൾക്കിടെ ശൂന്യാകാശത്ത് നിന്നും ലഭിച്ച മണങ്ങളെക്കുറിച്ച് സഞ്ചാരികൾ പങ്കുവച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങി തിരികെയെത്തുമ്പോൾ അവരുടെ വസ്ത്രത്തിൽ പ്രത്യേക ഗന്ധം അനുഭവപ്പെടാറുണ്ടെന്ന് ഗവേഷകർ പറയുന്നു.
അതിൽ നിന്നാണ് ബഹിരാകാശത്തെ ഗന്ധങ്ങളെക്കുറിച്ചുള്ള സൂചനകൾ ശാസ്ത്രലോകത്തിന് ലഭിച്ചത്. അതേസമയം ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം ഒരു കമ്പനി ഇറക്കിയിരുന്നു. അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കിയത്. ഒമേഗ ഇന്‍ഗ്രീഡിയന്റ്സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്സ് ആണ് യു ഡേ സ്പേസ് പെര്‍ഫ്യൂമിന് പിന്നില്‍. ബഹീരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകര്‍ക്ക് അവിടത്തെ സാഹചര്യവുമായി മുന്‍കൂട്ടി പൊരുത്തപ്പെടാന്‍ ആണ് ഈ പെര്‍ഫ്യൂം തയ്യാറാക്കിയത്. ബഹിരാകാശ പര്യവേഷകര്‍ പറഞ്ഞത് പോലെ ഗണ്‍ പൗഡറിന്റെയും കരിഞ്ഞ മാംസത്തിന്റെയും റാസ്ബെറിയുടെയും റമ്മിന്റെയും എല്ലാം ചേര്‍ന്ന ഒരു സങ്കര ഗന്ധമാണ് പെര്‍ഫ്യൂമിന്.