പൂഞ്ച് ഭീകരാക്രമണം ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട്: ചരൺജിത് സിങ് ഛന്നി

ചണ്ഡിഗഢ്: ജമ്മു കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനികവ്യൂഹത്തിനു നടന്ന ഭീകരാക്രമണത്തിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ ആരോപണവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ആക്രമണം ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. വ്യോമസേനാംഗങ്ങൾ സഞ്ചരിച്ച വാഹനത്തിനുനേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.

”ഇതൊക്കെ വെറും സ്റ്റണ്ടുകൾ മാത്രമാണ്. ഭീകരമാക്രമണം ഒന്നുമല്ല. ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് മാത്രമാണിതെല്ലാം. അതിൽ ഒരു വസ്തുതയുമില്ല. ബി.ജെ.പി ജനങ്ങളുടെ ജീവനും കൊണ്ടാണു കളിക്കുന്നത്.”-ചരൺജിത് വിമർശിച്ചു.

തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം ഇത്തരം സ്റ്റണ്ടുകൾ നടക്കാറുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരം ആക്രമണങ്ങൾ നടന്നിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾ ശക്തമാക്കാൻ വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഇതെല്ലാമെന്നും ചരൺജിത് സിങ് ഛന്നി കൂട്ടിച്ചേർത്തു.

പരാമർശം വിവാദമായതോടെ വിഷയത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ രം​ഗത്തെത്തി. ഇത്തരം പ്രസ്താവനകൾ അവരുടെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുന്നതിന് പകരം പത്ത് വർഷം അവർ ദല്ലാൾപണി നടത്തി. പുൽവാമയ്ക്ക് ശേഷം സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശനിയാഴ്ച വൈകീട്ടായിരുന്നു പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുള്ള ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.