ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പൊലീസ് കസ്റ്റഡിയില്‍ തുടരും.
തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രേവണ്ണ പ്രതികരിച്ചു. നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.
അതേസമയം, ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്.ഐ.ടി) ഇന്റർപോളിന്റെ സഹായം തേടി.
കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഞായറാഴ്ച അറിയിച്ചതാണിത്. ഇന്റർപോൾ നോഡൽ ഏജൻസി സി.ബി.ഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.