ന്യൂഡൽഹി: ക്രാഫ്റ്റ് ക്ലാസിലേക്കു സൂചി കൊണ്ടുപോകാത്തതിന് 5–ാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടി തനിക്കുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ. ഇത്തരം ശിക്ഷകളിലൂടെ അധ്യാപകർ കുട്ടികൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു മുന്നറിയിപ്പും നൽകി. ബാലനീതി വിഷയത്തിൽ നേപ്പാൾ സുപ്രീം കോടതി കഠ്മണ്ഡുവിൽ നടത്തിയ സിംപോസിയത്തിൽ പ്രസംഗിക്കുകയായിരുന്നു അഅദ്ദേഹം.
സ്കൂൾ കാലത്തെ ആ അനുഭവം ഒരിക്കലും മറക്കില്ലെന്ന മുഖവുരയോടെയാണ് ചീഫ് ജസ്റ്റിസ് തന്റെ അനുഭവം വിവരിച്ചത്. ‘‘കയ്യിൽ അടിക്കാതെ പിൻഭാഗത്ത് അടിച്ചോളൂ എന്നു ടീച്ചറോടു ഞാനന്ന് അപേക്ഷിക്കുകപോലും ചെയ്തു. നാണക്കേടു കാരണം വീട്ടിൽ പറഞ്ഞില്ല. കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവച്ചു. പിന്നീടതു മാഞ്ഞു. പക്ഷേ, മനസ്സിലെ പാട് മായാതെ ശേഷിച്ചു. ഇപ്പോഴും ജോലി ചെയ്യുമ്പോൾ ആ സംഭവം ഓർമ വരും’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാലനീതിയുടെ കാര്യത്തിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ വിവരിച്ച ചീഫ് ജസ്റ്റിസ്, 14വയസ്സുകാരിയായ അതിജീവിത ഗർഭഛിദ്രം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നൽകിയ ഹർജിയെക്കുറിച്ചും പരാമർശിച്ചു.