തിരുവനന്തപുരം: ഇന്ന് ലൈസന്‍സ് ടെസ്റ്റുകള്‍ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങും. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയര്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.
ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകൾ നടത്തുന്ന മോട്ടോർ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്. സിഐടിയു പ്രക്ഷോഭങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും പ്രതിഷേധം തുടരാനാണ് കെഎംഡിഎസിന്റെ തീരുമാനം.
പരിഷ്കാരത്തിൽ ഇളവ് വരുത്തിയെങ്കിലും ഉത്തരവിൽ സെക്ഷൻ ഓഫീസർ ഒപ്പ് വെക്കാത്തതാതകിനാൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇളവ് നിർദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇളവുകൾക്ക് മുമ്പുള്ള നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.