തെൽ അവീവ്: ഇസ്രായേലിൽ അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയ ഇസ്രായേൽ മന്ത്രിസഭ തീരുമാനത്തിനെതിരെ വ്യാപക വിമർശനം. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. വിവിധ രാജ്യങ്ങളും അപലപിച്ചു.
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ച് മൂന്ന് ദിവസം തികയും മുമ്പാണ് നടപടി.ഏകകണ്ഠമായാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്ന് വാർത്ത വിതരണ മന്ത്രി ശലോമോ കർഹി അറിയിച്ചു. നിരോധനത്തിന് ഉടൻ പ്രാബല്യമുണ്ട്. ഉള്ളടക്കം സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, ഓഫിസ് പൂട്ടി റിപ്പോർട്ടർമാരെ പുറത്താക്കും. ഫോണും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഉപകരണങ്ങൾ പിടിച്ചെടുക്കും. വെബ്സൈറ്റിനും രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തും.
45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും പിന്നീട് ഇത് സ്ഥിരമാക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് അൽ ജസീറയാണ്.