വേനല്‍ക്കാലത്ത് സുലഭമായ നാടന്‍ ഫലങ്ങളിലൊന്നാണ് ചക്ക. നാട്ടിന്‍പുറങ്ങളില്‍ വേനല്‍ക്കാലമായാല്‍ ചക്ക വിഭവങ്ങളുടെ ഉത്സവമായിരിക്കും. ചക്കക്കൂട്ടാന്‍, ചക്ക പുഴുക്ക്, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്ക വറുത്തത്, പഴുത്ത ചക്ക, ചക്ക അട, ചക്ക വരട്ടിയത്, ചക്ക പായസം അങ്ങനെ പോകുന്നു വിഭവങ്ങളുടെ ലിസ്റ്റ്. ഇന്ന് ഒരു നാടന്‍ ചക്ക അട ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചക്ക അട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- പഴുത്ത ചക്ക – 15 ചുള (പഴം ചക്കയാണ് കൂടുതല്‍ നല്ലത്)
- ശര്‍ക്കര – 200 ഗ്രാം
- അരിപ്പൊടി – മൂന്ന് കപ്പ്
- തേങ്ങ ചിരകിയത് – അരമുറി തേങ്ങയുടേത് (കൂടിയാലും കുഴപ്പമില്ല)
- ഏലക്ക-അഞ്ചെണ്ണം
- നെയ്യ് – 5 ടേബിള്‍സ്പൂണ്‍
- അട പുഴുങ്ങിയെടുക്കാന്‍ വാഴയിലയോ വയനയിലയോ
തയ്യാറാക്കാവുന്ന വിധം
ചക്കച്ചുളയില്‍ നിന്നും ചകിണിയും കുരുവും വേര്‍തിരിച്ച് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക *ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി 4 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് 10 മിനിട്ട് വരട്ടിയെടുക്കുക. ആ സമയം കൊണ്ട് ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ചക്ക വരട്ടിയതിലേയ്ക്ക് ശര്‍ക്കരപാനി കൂടി ചേര്‍ത്ത് അഞ്ച് മിനിട്ട് കൂടി വരട്ടുക. ഇനി തീ ഓഫ് ചെയ്ത്, ചൂട് ആറുമ്പോള്‍ തേങ്ങ ചിരകിയതും, ഏലയ്ക്ക പൊടിച്ചതും ബാക്കി നെയ്യും ചേര്‍ക്കുക. അതിലേക്ക് അരിപ്പൊടി അല്‍പ്പം, അല്‍പ്പമായി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
സാധാരണ അട ഉണ്ടാക്കുന്നത് പോലെ മാവ് പരുവമാകുമ്പോള്‍(ചപ്പാത്തി മാവിനേക്കാള്‍ കട്ടി കുറഞ്ഞ്) അട ഉണ്ടാക്കാന്‍ തുടങ്ങാം. വയനയില നല്ലവണ്ണം തുടച്ച് അതിലേക്ക് മാവ് ഉരുളയാക്കിയെടുത്ത് കുമ്പിളായോ പരത്തിയോ വെച്ച് ഇല അടയ്ക്കുക. ഇങ്ങനെ എല്ലാ മാവും അടയാക്കി കഴിഞ്ഞാല്‍ ആവിപ്പാത്രം അടുപ്പത്ത് വെച്ച് എല്ലാ അടയും ആവിയില്‍ വേവിച്ചെടുക്കുക. നല്ല രുചികരമായ ചക്ക അട തയ്യാര്‍. പഴം ചക്ക ഇല്ലെങ്കില്‍ പഴുത്ത വരിക്കചക്കയും ഉപയോഗിക്കാം. ചക്ക അരക്കാതെ അരിപ്പൊടിയിലേക്ക് അരിഞ്ഞിട്ടും ചക്ക അട ഉണ്ടാക്കാം. അപ്പോള്‍ ശര്‍ക്കര പാനി കുറച്ച് കൂടി വെള്ളമാക്കി മാവിന്റെ കട്ടി അഡ്ജസ്റ്റ് ചെയ്യാം. മധുരം കൂടുതല്‍ വേണമെങ്കില്‍ ശര്‍ക്കരയുടെ അളവ് ആവശ്യാനുസരണം ക്രമീകരിക്കാം.