ഒരു ഇടിവെട്ട് സ്പെഷൽ മാങ്ങക്കറി

നാട്ടിലിപ്പോൾ മാങ്ങ സീസൺ ആണല്ലോ? അതുകൊണ്ടു തന്നെ മാമ്പഴ വിഭവങ്ങളുടെ എണ്ണവും കൂടും. ഒരു ഇടിവെട്ട് വിഭവം തയ്യറാക്കിയാലോ? ഒരു സ്പെഷ്യൽ മാങ്ങാകറി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. മാങ്ങ -1
  • 2. ചെറിയ ഉള്ളി -6 എണ്ണം
  • 3. പച്ചമുളക് -2 എണ്ണം
  • 4. മല്ലിപ്പൊടി -2 ടീസ്പൂൺ
  • 5. മുളകുപൊടി -2 ടീസ്പൂൺ
  • 6. മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
  • 7. തേങ്ങാപ്പാൽ (ഒന്നാം പാൽ) -അര കപ്പ്
  • 8. തേങ്ങാപ്പാൽ (രണ്ടാം പാൽ) -രണ്ട് കപ്പ്
  • 9. കടുക് -ഒരു ടീസ്പൂൺ
  • 10. വറ്റൽമുളക് -3 എണ്ണം
  • 11. വെളിച്ചെണ്ണ -ആവശ്യത്തിന്
  • 12. കറിവേപ്പില -ആവശ്യത്തിന്
  • 13. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ചെറിയ ഉള്ളി, രണ്ടായി പിളർന്ന പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക.

ഒരു ഫ്രയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. കടുകിട്ട് പൊട്ടിച്ചശേഷം തയാറാക്കിവെച്ച മാങ്ങ ഇട്ടുകൊടുത്ത് മൂടിവെച്ച് വഴറ്റിയെടുക്കാം. ഇതിലേക്കു രണ്ടാം പാൽ അൽപാൽപമായി ഒഴിച്ച് മാങ്ങ വേവിക്കുക. വെന്തുവരുമ്പോൾ ബാക്കിയുള്ള രണ്ടാം പാലും ഒഴിക്കാം. തിളച്ചശേഷം ഒന്നാം പാൽകൂടി ചേർക്കാം. തിളച്ചുവരുമ്പോൾ തീ ഓഫാക്കി സ്റ്റൗവിൽനിന്ന് മാറ്റാം.

മറ്റൊരു ഫ്രയിങ് പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് വറ്റൽമുളകും കറിവേപ്പിലയും കുറച്ചു മുളകുപൊടിയും ചേർത്ത് മൂത്തുകഴിഞ്ഞാൽ മാങ്ങക്കറിയിലേക്കു ചേർത്തു കൊടുക്കുക.