സര്‍വകലാശാലകളിലെ വിസി നിയമന നടപടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് വൈസ് ചാന്‍സലര്‍മാരും അക്കാദമിക് വിദഗ്ധരും. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് വൈസ് ചാന്‍സലര്‍മാര്‍ തന്നെയാണ് തുറന്നകത്തിലൂടെ വിയോജിപ്പും, പ്രതിഷേധവും അറിയിച്ചിരിക്കുന്നത്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ (വിസി) തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 181 വൈസ് ചാന്‍സലര്‍മാരും മുന്‍ വിസിമാരും അക്കാദമിക് വിദഗ്ധരുമാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്.
സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി തെറ്റായ പ്രചരണം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസിമാരെ നിയമിക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന രാഹുലിന്റെ പരാമര്‍ശം തെറ്റാണെന്നും വി.സിമാര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസുമായി ബന്ധമുള്ളവരെ കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളില്‍ വിസിമാരായി നിയമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശത്തെ അപലപിച്ച് വിസിമാരും അക്കാദമിക് വിദഗ്ധരും തുറന്ന കത്തെഴുതിയത്. ജെ.എന്‍.യു വിസി ശാന്തിശ്രീ ധൂലിപ്പുഡി പണ്ഡിറ്റ്, ഡല്‍ഹി സര്‍വകലാശാല വിസി യോഗേഷ് സിംഗ്, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ടി.ജി സീതാറാം, ബി.ആര്‍ അംബേദ്കര്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വിസി തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
കഴിവ്, വിദ്യാഭ്യാസം, ഭരണനൈപുണ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് വിസിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെന്ന് അക്കാദമിക് വിദഗ്ധര്‍ കത്തില്‍ വ്യക്തമാക്കി. വിസി നിയമന നടപടികള്‍ സുതാര്യമായിരിക്കും. സര്‍വ്വകലാശാലകളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുക എന്ന കാഴ്ചപ്പാടോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സര്‍വകലാശാലകളിലെ വിസി നിയമനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു.
അദ്ദേഹത്തിനെതിരെ നിയമപ്രകാരം ഉചിതമായ നടപടി ഉടന്‍ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണാധികാരികള്‍ എന്ന നിലയില്‍ ധാര്‍മ്മികത നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ശക്തമായ പ്രതിബദ്ധതയുണ്ട്. കൂടാതെ, സ്ഥാപനപരമായ സമഗ്രത, അടിസ്ഥാന രഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. അക്കാദമിക് വിദഗ്ധര്‍ തുറന്ന കത്തില്‍ പറഞ്ഞു.