ചത്താലും തീരാത്ത റീസര്‍വെ: ഫയലില്‍ അടയിരിക്കുന്ന ഉദ്യോഗസ്ഥ ദൈവങ്ങള്‍

നമ്മുടെ സ്ഥലത്ത് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. നമുക്ക് സ്വന്തം ഭൂമിയില്‍ എന്തും ചെയ്യാനാകില്ല. റവന്യൂ വകുപ്പിന്റെ നിയമത്തിലും വ്യവസ്ഥയുടെ കീഴിലും മാത്രമേ ചെയ്യാനാകൂ. ഇതാണ് ജനായത്ത ഭരണക്രമത്തിലെ സര്‍ക്കാര്‍ നടപടി. എന്നാല്‍, ഒരു പാവപ്പെട്ടവന് അവന്റെ മണ്ണില്‍ വീടുവെയ്ക്കാന്‍ അനുമതി നേടണമെങ്കില്‍ ബാലികേറാ മലകള്‍ കടക്കണം. ഒന്നും രണ്ടും തവണകളല്ല, മാരത്തോണ്‍ തന്നെ നടത്തണം. ഇതിനിടയില്‍ ഫലുകള്‍ക്കു മുകളില്‍ കല്ലുപോലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ദൈവങ്ങളെ പ്രീതിപ്പെടുത്തുകയും വേണം.

കള്ളും, കോഴിക്കാലും, നോട്ടു മാലയും നിവേദ്യമായി വെച്ചാലേ ചില ദൈവങ്ങള്‍ അല്‍പ്പമെങ്കിലും അനങ്ങൂ. പണ്ടു മുതലേ റവന്യൂ സര്‍വേ വകുപ്പിനെ വല്ലാതെ വിഴുങ്ങിയിരിക്കുന്ന ഇത്തരം ഭൂതഗണങ്ങളുടെ വിന്യാസം ഇനിയും തീര്‍ന്നിട്ടില്ല. സര്‍വെയും റീ സര്‍വെയും കൊണ്ട് ഒരു മനുഷ്യനെ കൊല്ലാന്‍ കഴിയുമെന്ന് കാട്ടിത്തന്നിട്ടുമുണ്ടിവര്‍. സര്‍വ്വതും അഴിമതി മയമാണെന്ന് പറയാനാകില്ല, എന്നാല്‍, നല്ലവരായ ജീവനക്കാരെക്കൂടി പറയിക്കാനുള്ളത്ര വിഷ ജന്‍മങ്ങളാണ് സര്‍വെ വകുപ്പിലും, റവന്യൂ വകുപ്പിലുമുള്ളതെന്ന് പറയാതെ വയ്യ.

കേരളമാകെ റീസര്‍വെ നടത്താന്‍ തീരുമാനിച്ചൊരു കാലമുണ്ടായിരുന്നു. കെ.പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്. പിന്നീടുള്ള കാലത്തൊന്നും റീസര്‍വെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് കൂടുതലും കേട്ടത്. ഇപ്പോഴും റീ സര്‍വെ പൂര്‍ത്തിയാക്കിയോ എന്നതില്‍ സംശയമുണ്ട്. ഇതോടൊപ്പമാണ്, കേരളത്തിലെ വില്ലേജ്, താലൂക്ക ഓഫീസുകളുടെ ഇടപെടലുകള്‍ ജനങ്ങളെ വലയ്ക്കുന്നത്. പാവപ്പെട്ടവന്റെ അഞ്ചുസെന്റും പത്തു സെന്റും സര്‍വെ ചെയ്ത് തിട്ടപ്പെടുത്താന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി ഉഗാണ്ടയില്‍പ്പോലും ഉണ്ടാകില്ല.

റീസര്‍വെക്ക് അപേക്ഷ നല്‍കിയാല്‍, അയാളുടെ ജീവന്‍ പോയാലും നീക്കുപോക്കുണ്ടാവില്ല. അത്രയും കാലതാമസം വരുത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ് സര്‍വെ. ഓരോ ഫയലുകളും ഒാരോ ജീവിതമാണ് എന്നതു പോലെ, ഓരോ റീസര്‍വെകളും ഓരോ മനുഷ്യരുടെ ഉയിരിനു സമമാണ്. ചോരയും നീരുമൂറ്റി വാങ്ങുന്ന സ്ഥലത്തിനെ എന്തെങ്കിലും ചെയ്യാനാകണമെങ്കില്‍ സര്‍വെ വകുപ്പിന്റെ കടാക്ഷം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത് മുതലെടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. റീസര്‍വെ അപേകഷ പരിഗണിക്കുന്നത്, ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ്. അപേക്ഷന്റെ ക്ഷമ പരീക്ഷിക്കപ്പെടുന്ന നാളുകളാണിത്.

സ്വന്തം ഭൂമിക്ക് കരമടയ്ക്കാന്‍ പോലും ഇതുകൊണ്ട കഴിയാതെ വരുന്നുണ്ട്. തികഞ്ഞ അനാസ്ഥയാണ് ഈ വകുപ്പില്‍ നിന്നും ലഭിക്കുന്നതെന്ന് എത്രയോ പേര്‍ സാക്ഷ്യം പറയുന്നുണ്ട്. എന്നാല്‍ പിടിപാടുള്ളവര്‍ കാര്യങ്ങള്‍ കണ്‍മുമ്പിലൂടെ സാധിച്ചു കൊണ്ടു പോകുന്നുണ്ട്. പക്ഷെ, സാധാരണക്കാരന്‍ ഭിക്ഷക്കാരെപ്പോലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ യാചിച്ചു നില്‍ക്കും. ഇത് സര്‍ക്കാരിന്റെ കഴിവുകേടാണ്. പാവപ്പെട്ടവന് അത്താണിയാകാന്‍ കഴിയാത്ത സര്‍ക്കാര്‍ മുതലാളിത്ത സങ്കല്‍പ്പത്തിന്റെ പ്രതിനിധിയാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ബോധ്യമുണ്ടാക്കണം. അതിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അഴകാശമാക്കി മാറ്റണ. അതിനു വേണ്ടുന്ന ജീവനക്കാരെ നിയോഗിക്കണം. ഇതാണ് ചെയ്യേണ്ടത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കൊണ്ടു കൂടിയാണ് റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത്. ഇത് സര്‍ക്കാരിന് പരിഹരിക്കാനാവുന്ന കാര്യമാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്.

ജനദ്രോഹപരായ സര്‍വെ വകുപ്പിനെ ജനോപകാര പ്രദമായി നിലനിര്‍ത്താന്‍ റവന്യുമന്ത്രി കെ. രാജന്‍ ഇടപെടുകയാണ് വേണ്ടത്. ക്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും മന്ത്രിക്കും ഇത് മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസ്സിലാവുക. കുത്തഴിഞ്ഞു പോയ സര്‍വെ വകുപ്പിനെ നേരെയാക്കണം. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വകുപ്പാണെന്ന സാമാന്യ ബോധം ജീവനക്കാര്‍ക്കുണ്ടാകണം. ഫയലുകളില്‍ അഠയിരിക്കാതെ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ശ്രമിക്കണം. ഇതൊക്കെ ചെയ്താല്‍ മാറാവുന്ന ചീത്തപ്പേരേ വകുപ്പിനുള്ളൂ. പക്ഷെ, തല്ലരുത്, ഞങ്ങള്‍ നന്നാവില്ല എന്നു വാശി പിടിക്കുന്നവരെ എന്തു ചെയ്യാനാണ്.