റാഞ്ചിയിൽ ഇഡി റെയ്ഡ്, മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടിയിലധികം രൂപ പിടിച്ചെടുത്തു

ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായിരുന്ന വിരേന്ദ്ര .കെ റാമിനെതിരായ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്

റാഞ്ചി : ജാർഖണ്ഡിലെ റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിങ്കളാഴ്‌ച്ച പുലർച്ചെ , മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുമായ ആലംഗിർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൂഴ്‌ത്തിവച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടുകെട്ടി. 25 കോടിയിലധികം തുക ഇതിനോടകം കണ്ടു കെട്ടിയതായാണ് വിവരം.

ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായിരുന്ന വിരേന്ദ്ര .കെ റാമിനെതിരായ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. 2019 ൽ ഇയാളുടെ കീഴുദ്യോഗസ്ഥരിൽ നിന്നും പൊലീസ് വൻ തുക പിടിച്ചെടുത്തിരുന്നു. തുടർന്നാണ് കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള കേസ് ഇഡി ഏറ്റെടുക്കുന്നത്.

ചില പദ്ധതികൾ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 ഫെബ്രുവരിയിൽ വിരേന്ദ്ര .കെ .റാമിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ, ജാർഖണ്ഡിലെ റാഞ്ചി, ജംഷഡ്പൂർ എന്നിവിടങ്ങളിലായി ഇഡി നടത്തിയ റെയ്‌ഡിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.