തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ആരോപണം തെളിയിക്കാൻ കഴിയുന്ന കൃത്യമായ ഒരു കടലാസ് പോലും ഹാജരാക്കാൻ കുഴൽനാടനായില്ലെന്ന് കോടതി പറഞ്ഞു.
സിഎംആർഎല്ലിന്റെ രേഖകളിൽ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർക്ക് സംഭാവന നൽകിയതായി പറയുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇത് രാഷ്ട്രീയ പ്രേരിതമല്ലേയെന്നും കോടതി ചോദിച്ചു.
ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ശക്തിപ്പെടുത്തുന്നതെന്നും കോടതി വിധിയിൽ പറയുന്നു. സി.എം.ആര്.എല്‍ പണം നല്കിയ മറ്റാരുടെയും പേരില്‍ ഹര്ജിക്കാരന് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുവനന്തപുരം വിജിലൻസ് കോടതി നിരീക്ഷിച്ചു.
എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിച്ചു. മാത്യൂ കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. സി.എം.ആര്.എല്ലിന് ഐ.ആര്.ഇ ഇല്‍മനൈറ്റ് നല്‍കിയതില്‍ അഴിമതി ഇല്ലെന്ന് കോടതി വിലയിരുത്തി. ഇല്‍മനൈറ്റ് സൗജന്യമായി കൊടുത്തു എന്ന ആരോപണം ഹര്‍ജിയിലില്ല.
ഈ ഇടപാടില്‍ സി.എം.ആര്.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹര്ജിക്കാരന് ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. കെ.ആര്.ഇഎം.എല്ലിന് മിച്ചഭൂമി ഇളവുചെയ്ത് കൊടുത്തുവെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മിച്ചഭൂമി ഇളവുചെയ്ത് കൊടുക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കിയത് വിജിലന് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മിച്ചഭൂമി ഇളവ് ചെയ്ത് കൊടുത്തിട്ടില്ലെന്നും കോടതി വിലയിരുത്തിയത്. മാസപ്പടിക്കേസിന്റെ വിധി പകർപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.