‘ലൈംഗികാതിക്രമ പരാതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തൃണമൂലിന്‍റെ നാടകം’; ബംഗാൾ ഗവർണർക്ക് പിന്തുണയുമായി സി.പി.എം

ബംഗാള്‍: ലൈംഗിക അതിക്രമ ആരോപണത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിന് പിന്തുണയുമായി സി.പി.എം. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം ആനന്ദബോസിനെ പിന്തുണയ്ക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തൃണമൂലിന്റെ നാടകമാണ് പരാതിയെന്ന് സി.പി.എം ആരോപിക്കുന്നു.

പരാതിക്കാരിയുടെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി. സന്ദേശ് ഖാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിരഞ്ജന്‍ സിഹി ആരോപിച്ചു.

ആനന്ദബോസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി കഴിഞ്ഞ ആഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി പരാതിയില്‍ ആരോപിക്കുന്നു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിന്‍റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.