ന്യൂഡൽഹി: കിഴക്കൻ, തെക്കൻ ഉപദ്വീപിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്ണതരംഗം ഉടൻ ശമിക്കുമെന്ന്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. കിഴക്കൻ മേഖലയ്ക്ക് ഇന്ന് ആശ്വാസം ലഭിക്കുമെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ചൂടില്‍ നിന്നുള്ള ആശ്വാസത്തിന് ഒരു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മെയ് 10 വരെ ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. താപനില മിക്ക ദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളിലെത്തി. ഏപ്രിൽ അവസാന ദിവസം കൊൽക്കത്തയിൽ 43 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. കിഴക്കും തെക്കും ആശ്വാസം ലഭിക്കുമെങ്കിലും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഗുജറാത്ത്, രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് തുടങ്ങി പടിഞ്ഞാറൻ ഇന്ത്യയിൽ ഒരു പുതിയ ഉഷ്ണതരംഗം വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയും ഇടിമിന്നലും നാളെ വരെ തുടരാൻ സാധ്യതയുണ്ട്. മേഘാലയയിലെ ഖാസി-ജൈന്തിയ ഹിൽസ് മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 400-ലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ഇത് 48 മണിക്കൂർ കൂടി തുടരുമെന്നും കാലാവസ്ഥാ അറിയിച്ചു.