ഭോപ്പാൽ: മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദ ബിജെപി എംഎൽഎ ടി രാജാ സിങ്ങിനെതിരെ മഹാരാഷ്ട്രയിൽ വീണ്ടും കേസ്. ഐപിസി 153 എ (രണ്ട് മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്തുക), 295 എ (ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുക) എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം സോലാപൂരിൽ സകാൽ ഹിന്ദു സമാജ് സംഘടിപ്പിച്ച ഹിന്ദു ജൻ ആക്രോശ് മോർച്ച റാലിയിൽ പ്രകോപന പ്രസംഗം നടത്തിയതിനാണ് തെലങ്കാന ഗോഷാമഹൽ എംഎൽഎയായ രാജാ സിങ്ങിനെതിരെ കേസെടുത്തത്. ഇയാൾക്കൊപ്പം മഹാരാഷ്ട്ര ബിജെപി എംഎൽഎ നിതേഷ് റാണയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകളിൽ നിന്ന് വോട്ട് തേടരുതെന്നും പകരം ഗോമാതാവിനെ സംരക്ഷിക്കുന്നവരിൽ നിന്നേ വോട്ട് തേടാവൂ എന്നും രാജാ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് പറഞ്ഞു. രാജാ സിങ്ങിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജാ സിങ്, സംസ്ഥാനത്ത് ബുൾഡോസർ രാജ് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, ഗോഹത്യ… ആരാണ് നമ്മെ ധിക്കരിക്കാൻ തുനിയുന്നതെന്ന് നമുക്ക് കാണാമെന്നും രാജാ സിങ് പറഞ്ഞു. ലവ് ജിഹാദ് വർധിക്കുകയാണെന്നും കേരളത്തിലും കർണാടകയിലും തീവ്രവാദികളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
ബിജെപി സ്ഥാനാർഥി രാംവിത്തൽ സാത്പുട്ടിന് വോട്ടഭ്യർഥിച്ചു നടന്ന പരിപാടിയിൽ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെ രാജാ സിങ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രാജാ സിങ്, റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയും രംഗത്തെത്തി.