ന്യൂഡല്‍ഹി: സംവരണത്തിന്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയർത്തുമെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‍ലമിൽ തെരഞ്ഞെടുപ്പ് റാലിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
‘‘ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജലത്തിലും വനത്തിലും ഭൂമിയിലും നിങ്ങൾക്ക് അവകാശം നൽകുന്നതാണ് ഈ ഭരണഘടന. നരേന്ദ്ര മോദി അതെല്ലാം നീക്കം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പൂർണ അധികാരമാണ് ആഗ്രഹിക്കുന്നത്.’’– വിജയിക്കുകയാണെങ്കിൽ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
ബിജെപിക്ക് 400 പോയിട്ട് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ല. സംവരണം അവസാനിപ്പിക്കുമെന്നാണ് ബിജെപി പറയുന്നുത്. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തുമെന്നും പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും ആവശ്യമായ സംവരണം നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
സംവരണത്തെ ചൊല്ലി എൻഡിഎയും ഇന്ത്യ മുന്നണിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. മുസ്‌ലിംകൾക്ക് വേണ്ടിയാണ് കോൺഗ്രസ് സംവരണം വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.